Sunday 24 May 2009

മഴയെ കുറിച്ചു വീണ്ടും .......

മഴയെത്തി ഇടവപ്പാതിയില്‍ത്തന്നെ ....

മേടചൂടിലും ,തെരഞ്ഞെടുപ്പുചൂടിലും ആകെ പൊള്ളി വരണ്ടു കിടന്നിരുന്ന കേരളത്തെ തണുപ്പിക്കാന്‍ മഴമേഘങ്ങള്‍ എത്തിക്കഴിഞ്ഞു .മഴതുബികള്‍ പറന്നുപറന്നു ഉയരുന്നത് കാണാന്‍ നല്ല ചേല് . ചറുപിറാന്നു വിഴുന്ന മഴ മനസ്സില്‍ കുളിരേകുന്നു .

മഴ എന്നും ഒരു ആനന്ദമാണ് ..

കുട്ടിക്കാലത്ത് മഴവെള്ളം തട്ടിത്തെറിപ്പിച്ചു നനഞ്ഞു കുളിച്ചു സ്കൂളില്പോക്ക് ഒരു ഹരമായിരുന്നു .തിരിച്ചു വരുമ്പോള്‍ കാത്തുനില്‍ക്കുന്ന അമ്മയും ഒപ്പം ചൂടുള്ള കപ്പയും ചമന്തിയും ഹാ ഹാ ... വായില്‍ വെള്ളമൂറുന്നു ഇപ്പോഴും. കോരിച്ചൊരിയുന്ന മഴയത്ത് ഓടിന്‍ വിടവിലൂടെ വരുന്ന ചോര്‍ച്ചയെ ഓലക്കിരുകള്‍ തിരുകിവെച്ചു തടഞ്ഞു നിര്‍ത്താനുള്ള ഉത്സാഹം ....മഴയ്ക്ക് വേണ്ടി കൊതിയോടെയുള്ള കാത്തിരുപ്പ് .എല്ലാംകൂടി തിമര്‍ത്തു കളിച്ച കുട്ടിക്കാലം .

കുറേകൂടി വളര്‍ന്നപ്പോള്‍ മഴയെ നോക്കി കാണാനായി രസം.ജനലഴികള്‍ക്കിടയിലൂടെ,വരാന്തയിലിരുന്നു ,ചാരുപടിയില്‍ കിടന്നു അങ്ങിനെ മഴയെ സ്നേഹിച്ചു .മനസ്സിന്റെ ലോലമായ തന്ത്രികളില്‍ തട്ടി മഴമുകിലുകള്‍ സ്നേഹഗീതങ്ങള്‍ക്ക് ഈണം നല്‍കിയിരുന്നു .അങ്ങിനെ മഴയുമായി അനുരാഗം വളര്‍ത്തിയെടുത്തു .

ചക്രം പിന്നെയും ഉരുളുമ്പോള്‍ .....നടുമുറ്റത്തെ തകര പ്പാത്തിയില്‍ തട്ടി പതിക്കുന്ന ശക്തമായ മഴയെ കേള്‍ക്കാന്‍ തുടങ്ങി . പോക്രോം കരച്ചിലുകള്‍ കാതുകളെ ആലോരസപ്പെടുത്തുന്നുവോ ? അതോ ഉള്ളിലെ വിങ്ങലുകള്‍ ആണോ ?അപ്പോള്‍ മഴ ഒരു അനുഗ്രഹമായി മാറി .കവിളില്‍

പതിക്കുന്ന വെള്ളത്തുള്ളികള്‍ മഴത്തുള്ളികള്‍ ആണോ അതോ കണ്ണ് നീരോ ? ആര്ക്കും തിരിച്ചറിയാന്‍ കഴിയില്ലലോ . അങ്ങിനെ മഴ ഒരു സാന്ത്വനമായി . ഇന്നു നഗരത്തിലെതിരക്കില്‍ മഴ ഒതുങി പോയിരിക്കുന്നു .ചിവിടുകളുടെ കരച്ചിലില്ല ,തവളകളെ മഷിയിട്ടു നോക്കിയാല്‍ കാണാനില്ല ,മഴ നനയാന്‍ ഇഷ്ടമില്ലാത്ത കുഞ്ഞ്ങ്ങള്‍ ....പത്ര താളുകളില്‍ "മഴക്കാല രോഗങ്ങള്‍ വരവായി" എന്ന് വായിച്ചു മുന്‍കരുതലുകള്‍ തേടി പോകുന്ന അച്ഛനമ്മമാര്‍ ........

ഗ്ലാസുകള്‍ ഉയര്ത്തി മഴ ആഘോഷിക്കുന്ന യുവത്വം .... ഇതിനിടയില്‍ മഴയോ ,വെയിലോ , മഞ്ഞോ ... ഒന്നിനെക്കുറിച്ചും ഓര്‍ക്കാതെ ഒന്നിനും സമയം തികയാതെ സൂര്യനെ വരെ പിടിച്ചു കെട്ടിയിട്ടാലോ എന്നുവരെ ചിന്തിച്ചുഎങ്ങോട്ടൊക്കെയോ ഓടി പായുന്ന നമ്മള്‍ ...... മഴയെ ശപിക്കുന്ന ചിലര്‍ .....

അതിനിടയിലും മുറതെറ്റാതെ മഴ വരുന്നു നമ്മളെ കാണാന്‍ .അഹോ ഭാഗ്യം!!!!!! നമുക്കു സ്നേഹിക്കാം കുളിര്‍മയേകുന്ന നമ്മുടെ മഴയെ .