Sunday, 24 May, 2009

മഴയെ കുറിച്ചു വീണ്ടും .......

മഴയെത്തി ഇടവപ്പാതിയില്‍ത്തന്നെ ....

മേടചൂടിലും ,തെരഞ്ഞെടുപ്പുചൂടിലും ആകെ പൊള്ളി വരണ്ടു കിടന്നിരുന്ന കേരളത്തെ തണുപ്പിക്കാന്‍ മഴമേഘങ്ങള്‍ എത്തിക്കഴിഞ്ഞു .മഴതുബികള്‍ പറന്നുപറന്നു ഉയരുന്നത് കാണാന്‍ നല്ല ചേല് . ചറുപിറാന്നു വിഴുന്ന മഴ മനസ്സില്‍ കുളിരേകുന്നു .

മഴ എന്നും ഒരു ആനന്ദമാണ് ..

കുട്ടിക്കാലത്ത് മഴവെള്ളം തട്ടിത്തെറിപ്പിച്ചു നനഞ്ഞു കുളിച്ചു സ്കൂളില്പോക്ക് ഒരു ഹരമായിരുന്നു .തിരിച്ചു വരുമ്പോള്‍ കാത്തുനില്‍ക്കുന്ന അമ്മയും ഒപ്പം ചൂടുള്ള കപ്പയും ചമന്തിയും ഹാ ഹാ ... വായില്‍ വെള്ളമൂറുന്നു ഇപ്പോഴും. കോരിച്ചൊരിയുന്ന മഴയത്ത് ഓടിന്‍ വിടവിലൂടെ വരുന്ന ചോര്‍ച്ചയെ ഓലക്കിരുകള്‍ തിരുകിവെച്ചു തടഞ്ഞു നിര്‍ത്താനുള്ള ഉത്സാഹം ....മഴയ്ക്ക് വേണ്ടി കൊതിയോടെയുള്ള കാത്തിരുപ്പ് .എല്ലാംകൂടി തിമര്‍ത്തു കളിച്ച കുട്ടിക്കാലം .

കുറേകൂടി വളര്‍ന്നപ്പോള്‍ മഴയെ നോക്കി കാണാനായി രസം.ജനലഴികള്‍ക്കിടയിലൂടെ,വരാന്തയിലിരുന്നു ,ചാരുപടിയില്‍ കിടന്നു അങ്ങിനെ മഴയെ സ്നേഹിച്ചു .മനസ്സിന്റെ ലോലമായ തന്ത്രികളില്‍ തട്ടി മഴമുകിലുകള്‍ സ്നേഹഗീതങ്ങള്‍ക്ക് ഈണം നല്‍കിയിരുന്നു .അങ്ങിനെ മഴയുമായി അനുരാഗം വളര്‍ത്തിയെടുത്തു .

ചക്രം പിന്നെയും ഉരുളുമ്പോള്‍ .....നടുമുറ്റത്തെ തകര പ്പാത്തിയില്‍ തട്ടി പതിക്കുന്ന ശക്തമായ മഴയെ കേള്‍ക്കാന്‍ തുടങ്ങി . പോക്രോം കരച്ചിലുകള്‍ കാതുകളെ ആലോരസപ്പെടുത്തുന്നുവോ ? അതോ ഉള്ളിലെ വിങ്ങലുകള്‍ ആണോ ?അപ്പോള്‍ മഴ ഒരു അനുഗ്രഹമായി മാറി .കവിളില്‍

പതിക്കുന്ന വെള്ളത്തുള്ളികള്‍ മഴത്തുള്ളികള്‍ ആണോ അതോ കണ്ണ് നീരോ ? ആര്ക്കും തിരിച്ചറിയാന്‍ കഴിയില്ലലോ . അങ്ങിനെ മഴ ഒരു സാന്ത്വനമായി . ഇന്നു നഗരത്തിലെതിരക്കില്‍ മഴ ഒതുങി പോയിരിക്കുന്നു .ചിവിടുകളുടെ കരച്ചിലില്ല ,തവളകളെ മഷിയിട്ടു നോക്കിയാല്‍ കാണാനില്ല ,മഴ നനയാന്‍ ഇഷ്ടമില്ലാത്ത കുഞ്ഞ്ങ്ങള്‍ ....പത്ര താളുകളില്‍ "മഴക്കാല രോഗങ്ങള്‍ വരവായി" എന്ന് വായിച്ചു മുന്‍കരുതലുകള്‍ തേടി പോകുന്ന അച്ഛനമ്മമാര്‍ ........

ഗ്ലാസുകള്‍ ഉയര്ത്തി മഴ ആഘോഷിക്കുന്ന യുവത്വം .... ഇതിനിടയില്‍ മഴയോ ,വെയിലോ , മഞ്ഞോ ... ഒന്നിനെക്കുറിച്ചും ഓര്‍ക്കാതെ ഒന്നിനും സമയം തികയാതെ സൂര്യനെ വരെ പിടിച്ചു കെട്ടിയിട്ടാലോ എന്നുവരെ ചിന്തിച്ചുഎങ്ങോട്ടൊക്കെയോ ഓടി പായുന്ന നമ്മള്‍ ...... മഴയെ ശപിക്കുന്ന ചിലര്‍ .....

അതിനിടയിലും മുറതെറ്റാതെ മഴ വരുന്നു നമ്മളെ കാണാന്‍ .അഹോ ഭാഗ്യം!!!!!! നമുക്കു സ്നേഹിക്കാം കുളിര്‍മയേകുന്ന നമ്മുടെ മഴയെ .

Wednesday, 25 March, 2009

നിഴലുകള്‍


ഏകാന്തതയുടെ നിമിഷങ്ങള്‍ ചിലപ്പോള്‍ എനിക്കിഷ്ടമാണ് ....

ചിന്തകള്‍ പരല്‍മീനുകളെ പോലെ ഓടിവരുന്നതും ഓടിയോളിക്കുന്നതും

ഞാന്‍ അറിയുന്നു .

ഈ ഏകാന്തതയ്ക്ക് ആഴമുണ്ടായിരുന്നെന്ങില്‍

എന്റെ സന്തോഷങ്ങളെയും, നൊമ്പരപെടുത്തുന്ന വേദനകളെയും തിരിച്ചറിയാന്‍ കഴിഞ്ഞേനെ .......

പണ്ട് , എന്റെ മൌനങളിലേക്ക്

ഒരു കുഞ്ഞു ചിരിയുമായന്നു നീ കടന്നു വന്നത് ഇന്നും ഞാനോര്‍ക്കുന്നു

അത് പരിഹാസത്തിന്റെതാണോ

സഹതാപത്തിന്റെതാണോ , അതോ വന്ച്ചനയുടെതാണോ ????

തിരിച്ചറിഞ്ഞിലെങ്ങിലും അതെന്നില്‍ ഒരുപാടു സ്നേഹ പൂക്കള്‍ വിടര്‍ത്തുകയും സൌരഭ്യം

പൊഴിക്കുകയും ചെയ്തിരുന്നു .........

ഇന്നിതാ വീണ്ടും ....... പിഞ്ഞി തുടങ്ങിയ ഹൃദയത്തില്‍ നിന്നും ഒരുള്‍വിളി !!!!!!!

നിന്റെ മുഖാവരണം പതിയെ മാറ്റുക

തുറന്നു പിടിച്ച മിഴികളോടെ , കുര്‍പിച്ച കാതുകളോടെ ഇനിയും

വഴികളേറെ പോകേണ്ടതുണ്ട്

തിരിച്ചറിവിന്റെ ഈ നിമിഷത്തിലും എന്റെ ലോകം സ്നേഹ ചിന്തകളാല്‍ നിറയുന്നു

മൌനത്തിന്റെ ഉത്തുംഗ ശിഖരങള്‍ കിഴടക്കാന്‍ തുടങ്ങുമ്പോള്‍ തെളിമയാര്‍ന്നൊരു

മഹത് വചനം കേട്ട്‌ ഞാന്‍ ഉണര്‍ന്നു .......

നിന്റെ നിഴലിനെ തിരിച്ചറിയുക ....

ഞാന്‍ തന്നെയാണ് നീ .........

Monday, 5 January, 2009

ആതിര വരവായി .........ഭക്തിയുടെയും നന്മയുടെയും കൂടിചെരലാണ് തിരുവാതിര.യഥാർതത്തിൽ സ്ത്രീകളുടെ ആഘോഷമെന്നു ഇതിനെ വിലയിരുത്തുന്നു . ധനുമാസത്തിലെ കുളിരിനെ വകവെക്കാതെ പുലര്‍ച്ചെ ത്തന്നെ എഴുനെല്‍ക്കുന്ന സ്ത്രീകള്‍ തുടിച്ചു കുളിച്ചു നല്ല വസ്ത്രം ധരിച്ചുള്ള അമ്പലത്തില്‍ പോക്ക് ....... അതോര്‍ക്കുമ്പോള്‍ ത്തന്നെ ഒരു സുഖമാണ് .തിരുവാതിരനാള്‍ നോമ്പ് നോറ്റ് അരിയാഹാരം കഴിക്കാതെ കുവ്വ പായസവും , പുഴുക്കും കഴിച്ചു നൂറ്റൊന്നു തളിര്‍ വെറ്റില മുറുക്കി ഉറക്കമൊഴിയുന്നു . കാളകൂട വിഷം സേവിച്ച ശിവനെ രക്ഷിക്കാനായ്‌ രാത്രി ഉറങ്ങാതെ കാവലിരുന്ന പാര്‍വതിയുടെ കഥയാണ് ഈ ആഘോഷത്തിനു ഉപൊല്‍ഫലകമായി പറയുന്നത് . തിരുവാതിരക്കളി ഇന്നു ഏതെങ്കിലും കലോല്‍സവങ്ങളിലും ടിവിയിലും ആര്‍ഭാട പൂര്‍വ്വം അരങ്ങു തകര്‍ക്കുന്ന ഈ കാലത്തും ആ കളിയുടെ പ്രസക്തി കുറയുന്നില്ല എന്നതില്‍ നമ്മുക്ക് അഭിമാനിക്കാം .എന്നാല്‍ ഉഞ്ഞാലാട്ടം ഇന്നില്ല എന്ന് ത്തന്നെ പറയാം . സാരമില്ല എല്ലാം നമ്മള്‍ പണ്ടുകാലത്തെ പോലെ ത്തന്നെ വേണമെന്നു പറയുന്നതു ശരിയല്ലല്ലോ !!


ആധുനികതയുടെതായ ഈ കാലത്തു മനുഷ്യ സ്നേഹത്തിന്റെയും പ്രകൃതി സ്നേഹത്തിന്റെയും കൂടി ചേരലായി ഒരു തിരുവാതിര കടന്നു വരുമ്പോള്‍ നമുക്കു ഈ ആതിരയെ ആര്ദ്രരായ് സൌമ്യമായ് എതിരേല്‍ക്കാം .........


Saturday, 3 January, 2009

വെളിച്ചം

എന്റെ നീലാകാശം നിറയെ നക്ഷത്ര കുഞ്ഞുങ്ങള്‍ .....ഞാന്‍ മോഹിച്ചുഎന്റെ വിളക്ക് തെളി യിക്കുവാന്‍ അവരെത്തുമെന്നു കരുതിഞാന്‍ കാത്തിരുന്നു ...........എന്റെ മന്ചിരാതുകള്‍ നിറയെവാസനയുള്ള എണ്ണ ഒഴിച്ച്നനുത്ത തിരിയിട്ടു മോടി പിടിപ്പിച്ചു .......പക്ഷേ നക്ഷത്രങ്ങള്‍ ഇറങ്ങി വന്നില്ലകാര്‍ മേഘങ്ങള്‍ വന്നു മൂടിയ ആകാശംകളിയാക്കി ചിരിച്ചു !!!!!!!!!വീണ്ടും ..... ഒരു കൂട്ടം മിന്നാമിന്നികള്‍എന്റെ മുറ്റംനിറയെ .......എന്റെ മോഹം പൂത്തുലഞ്ഞു ....എന്നിട്ടും എന്റെ വിളക്ക് കത്തിയില്ലഅവയുടെ ചൂടില്ലാത്ത വെളിച്ചംഅകന്നകന്നു പോകുന്നത് ഞാന്‍ വേദനയോടെ നോക്കി നിന്നു ......എന്റെ വിളക്ക് ഒരിക്കലും തെളിയിക്കപെടുകയില്ലേ ???????കത്താത്ത വിളക്കുമായ്‌ ഞാന്‍ വീണ്ടും കാത്തിരുന്നു ........ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ കണ്ടു !!!!!അകലെ ഒരിത്തിരി പൊന്‍ വെട്ടം ...അടുത്തടുത്തു വരുന്ന നീല വെളിച്ചത്തിനെഞാന്‍ തിരിച്ചറിയുന്നു !!!!!!!!എന്റെ ആഹ്ലാദം .......വെളിച്ചം എന്നില്‍ വന്നു നിറയുന്നത് ഞാന്‍ അറിയുന്നു ....നിമിഷം ........ ഞാന്‍ കണ്ടു ....എന്റെ മന്ചിരാതുകള്‍
ഒന്നൊന്നായി പ്രകാശിക്കുന്നു ........